ശ്രീ ദുർഗ്ഗേ ശരണം ശ്രീ ഭദ്രേ ശരണം ചരിത്ര പ്രസിദ്ധമായ 108 ദുർഗാലയങ്ങളിൽ ഒന്നാണ് ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രം. സാധാരണ ദുർഗാലയങ്ങളിൽ നിന്ന് വിഭിന്നമായി ഇവിടെ ഒരേ ശ്രീകോവിലിനുള്ളിൽ വൈഷ്ണവ ചൈതന്യതേജസ്വനിയും സാത്വിക മൂർത്തിയുമായ ശ്രീ ദുർഗ്ഗാദേവിയോടൊത്ത് ശൈവ ചൈതന്യ തേജസ്വനിയും രൗദ്രഭാവ സ്ഥിതയുമായ ശ്രീ ഭദ്രകാളി പ്രതിഷ്ഠയും പശ്ചിമാഭിമുഖമായി സ്ഥിതിചെ യ്യുന്നു. ഇവിടത്തെ ദുർഗാ ചൈതന്യം സ്വയംഭൂവാണ്. ശംഖ്, ചക്ര, അഭയ വരദങ്ങളോട് കൂടി സിംഹാരൂഢയായിട്ടുള്ളതാണ് ശ്രീ ദുർഗ്ഗാദേവി. ഈ ക്ഷേത്രത്തിന് 2000ത്തിൽ പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിയിട്ടുള്ള ശ്രീ ദുർഗ്ഗാദേവിയുടെ സ്വയംഭൂ ബിംബ ത്തിന് സമുദ്ര ജലവുമായി നേരിട്ട് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ ശ്രീ ഗണപതി, ശ്രീ ശാസ്താവ് എന്നീ ഉപപ്രതിഷ്ഠകളും, ശിവഗണവും, ദേവീ സേവകനും, ഉഗ്രമൂർത്തിയുമായ ബ്രഹ്മരാക്ഷസസ്വാമിയും കുടികൊള്ളുന്നു.