Important Functions

Important Functions

വർഷം തോറുമുള്ള പ്രധാന ചടങ്ങുകൾ

ഷേത്രത്തിൽ ആഘോഷിക്കുന്ന ആണ്ടുവിശേഷങ്ങൾ-

മകരമാസത്തിലെ അശ്വതിനാളിൽ പ്രതിഷ്ഠാദിനം. പഴങ്ങാംപറമ്പ് തന്ത്രിമാരുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം, നവകം, കളഭാഭിഷേകം, ചതുശ്ശതം നിവേദ്യം, ശ്രീഭൂതബലി, പഞ്ചാരിമേളത്തോടെ  കാഴ്ച്ചശീവേലി എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, വൈകീട്ട് വിശേഷാൽ നിറമാല, ചുറ്റുവിളക്ക്, തായമ്പക, കലാപരിപാടികൾ എന്നിവയോടെ ആഘോഷിച്ചുവരുന്നു. അടുത്ത ദിവസം മകരഭരണി- ഭദ്രകാളീശ്വരിദേവിക്ക് പ്രധാനം. അന്ന് നാട്ടിലെ പ്രധാന ഉത്സവമാണ്. രാവിലെ ഗണപതിഹോമം, രണ്ട് ദേവിമാർക്കും നവകാഭിഷേകം, തന്ത്രി പൂജാചടങ്ങുകൾ, പറ നിറയ്ക്കൽ, 5 ആനകളുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യം, ആൽത്തറ പാണ്ടിമേളം,
രാത്രി കലാപരിപാടികൾക്കു ശേഷം തായമ്പക, 5 ആനകളെ അണിനിരത്തി പഞ്ചവാദ്യം, പാണ്ടിമേളം    എന്നിവയോടെ എഴുന്നള്ളിപ്പ് ഇവ പ്രധാനം.

അടുത്ത ദിവസം രാവിലെ കാർത്തികവേല- പരമ്പരാഗതമായ വിവിധ കരകളിൽ നിന്ന് ദേശക്കാർ ഭക്ത്യാദരവോടെ വിളിക്കുന്ന " ചൂരക്കോട് മുത്തിയമ്മ" ക്ക് വേല, കൊടിക്കൂറ എഴുന്നള്ളിപ്പ്, ഉച്ചക്ക് കാളകളി എന്നിവ നടത്തി വരുന്നു.
എല്ലാ വർഷവും അശ്വതി-ഭരണി മഹോത്സവത്തിന്റെ മുന്നോടിയായി 3 ദിവസം മുമ്പുതന്നെ നാട്ടിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്റ്റേജ് കലാപരിപാടികൾ, പ്രശസ്ത കലാകാരൻമാരുടെ സ്റ്റേജ് ഷോ, ഗാനമേള, നൃത്തനൃത്യങ്ങൾ, ബാലെ തുടങ്ങിയ പരിപാടികൾ ക്ഷേത്രത്തിലെ ഉത്സവാന്തരീക്ഷം ഉണർത്തുന്നു.

പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഭദ്രകാളീദേവിക്ക് ഭരണിക്കും സാധാരണ ചുറ്റുവിളക്കിനും സ്വർണ്ണപള്ളിവാളേന്തി വെളിച്ചപ്പാടിന്റെ തുള്ളലും ബ്രഹ്മരാക്ഷസസ്വാമിക്ക് അകമ്പടിയായി വാദ്യഘോഷങ്ങളോടെ  സ്വർണ്ണ ചുരികയുമായി വെളിച്ചപ്പാടിന്റെ തുള്ളലും അരുളപ്പാടും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. അതുപോലെ പുരാതനക്കാലത്ത് കാർത്തികദിവസം ജാതിമതഭേദമന്യേ ദേവീഗണങ്ങൾക്ക് ക്ഷേത്രകോമരത്തിന്റെ കാർമ്മികത്വത്തിൽ ഗുരുതിയും കോഴികളെ ബലിയർപ്പിച്ചുമുള്ള ഗുരുതിയും നടത്തിയിരുന്നുവെന്ന്  ഇന്ന് 75വയസ്സിനു മേലെയുള്ള കാരണവൻമാർ സാക്ഷ്യപ്പെടുത്തി പറയുന്നു. പണ്ട് ക്ഷേത്ര കോമരത്തിന്റെ നേതൃത്വത്തിൽ തട്ടകത്തെ നാലുപ്രദേശങ്ങളിലും "ദേശഗുരുതി" എന്ന ചടങ്ങ് നടത്തപ്പെട്ടിരുന്നു. പിൽക്കാലത്ത് ഈ ബലികർമ്മങ്ങൾ നിയമാനുസൃതം നിർത്തലാക്കപ്പെടുകയാണുണ്ടായതന്നും പറയപ്പെടുന്നു.

പുരാണപ്രസിദ്ധവും ചരിത്ര പ്രാധാന്യം നിറഞ്ഞതും ക്ഷേത്രചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിവരുന്നതുമായ മേളതാളങ്ങളുടെ വിസ്മയങ്ങളായി ദേവീ-ദേവൻമാരുടെ സംഗമമാണ് മീനമാസത്തിലെ ആറാട്ടുപുഴപൂരം. 1442-)മത്തെ വർഷമാണ് ഈ വർഷം ആഘോഷിക്കുന്ന ആറാട്ടുപുഴ-പെരുവനം പൂരം.ഈ പൂരത്തിലെ പ്രധാന പങ്കാളിയായ ചൂരക്കോട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മകീര്യം പുറപ്പാടു മുതൽ  ഉത്രം വിളക്കു വരെ ശ്രീ ദുർഗ്ഗാദേവിയുടെ ഉത്സവകാലമാണ്. ഈ ദിവസങ്ങളിൽ നിത്യവും ആറാട്ട്, നവകം, ശ്രീഭൂതബലി, ദേശപറയെടുപ്പ് ഇവ ഉണ്ടായിരിക്കും. മകീര്യം നാളിൽ ഉച്ചതിരിഞ്ഞ് പാണ്ടിമേളത്തോടെ ദുർഗ്ഗാഭഗവതിയെ പുറത്തേക്കു എഴുന്നള്ളിക്കുന്നു. തുടർന്ന് ആറാട്ട്, നവകം, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടത്തും.

രണ്ടാം ദിവസം നിത്യനിദാനചടങ്ങുകൾക്കു ശേഷം സന്ധ്യയ്ക്ക്  ഗ്രാമപ്രദക്ഷിണത്തിനായി ഇറങ്ങി പത്യാല  ഭഗവതിക്ഷേത്രം മുതൽ കൊട്ടാരപറമ്പുവരെ ദക്തജനങ്ങളുടെ സ്വീകരണവും പറയെടുപ്പും ഏറ്റുവാങ്ങി തിരിച്ച് ക്ഷേത്രത്തിലെത്തുന്നു.
മൂന്നാം ദിവസം സന്ധ്യയ്ക്ക് ക്ഷേത്രം തന്ത്രി ഇല്ലമായ പഴങ്ങാംപറമ്പ് മനയിലേക്ക്  പുറപ്പെട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നും ജ്യേഷ്ഠസഹോദരി അന്തിക്കാട് കാർത്ത്യായിനി ഭഗവതിയോടൊത്ത് എഴുന്നള്ളി മനയ്ക്കലിൽ ഇറക്കിപൂജ.
നാലാം ദിവസം അന്തിക്കാട് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി അവിടെ പകൽപൂരം, അന്തിക്കാട് കുളത്തിൽ ആറാട്ട്. വൈകീട്ട് മാങ്ങാട്ടുകര ക്ഷേത്രം, മണലൂർ, എന്നിവടങ്ങളിൽ ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് പച്ചാമ്പിള്ളി മനയിലെത്തി പൂജക്ക് ഇറക്കി എഴുന്നള്ളിക്കുന്നു.

അഞ്ചാം ദിവസം പച്ചാമ്പിള്ളിമനയിൽ നിന്നും അന്തിക്കാട്-ചൂരക്കോട് ഭഗവതിമാർ ചൂരക്കോട് ക്ഷേത്രത്തിലെത്തി ഒന്നിച്ചുള്ള പകൽപൂരം, ഉപചാരം ചൊല്ലൽ ചടങ്ങുകൾ നടക്കും.അന്ന് വൈകുന്നേരം തൃപ്രയാർ തേവർ പുഴ കടന്ന് ഇക്കരെ ദേവിയുടെ തട്ടകമായ കൊട്ടാരപറമ്പിലെത്തുമ്പോൾ ദേവി പുഴ കടന്ന് തേവരുടെ തട്ടകമായ നാട്ടിക, തളിക്കുളം  ഭാഗങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനായി എത്തുന്നു. ശ്രീമൂലസ്ഥാനത്തും തളിക്കുളങ്ങര ക്ഷേത്രത്തിലുമുള്ള സ്വീകരണവും പറയെടുപ്പിനുശേഷം കരുനാട്ടില്ലത്ത് ഇറക്കി എഴുന്നള്ളിക്കുന്നു.

ആറാം ദിവസം വാടാനപ്പള്ളി, തൃത്തല്ലൂർ , നടുവിൽകര ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ സ്വീകരണവും പറയെടുപ്പും കഴിഞ്ഞ് തിരികെയെത്തുന്നു. വൈകിട്ട്  ദേശപറയ്ക്കായി മുറ്റിച്ചൂർ അയ്യപ്പക്ഷേത്രം, കൂടോത്ത് മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ എഴുന്നള്ളി പുന്നപ്പുള്ളി മനയിൽ സ്വീകരണവും
 പറയെടുപ്പും കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഏഴാംദിവസം വൈകുന്നേരം ദേവസംഗമത്തിനായി ആറാട്ടുപുഴക്ക് പുറപ്പെടുന്നു. രാത്രി അന്തിക്കാട്-ചൂരക്കോട് ഭഗവതിമാരുടെ പഞ്ചാരിമേളത്തോടെ ആറാട്ടുപുഴയിലെ കൂട്ടി എഴുന്നള്ളിപ്പ്, അതിനുശേഷം പുലർച്ചെ തൃപ്രയാർ തേവരോടൊന്നിച്ചുള്ള ഭഗവതിമാരുടെ മന്ദാരം കടവിലെ ആറാട്ട്, ശാസ്താവിനോട് ഉപചാരം ചൊല്ലി തിരിച്ച് യാത്ര. രാത്രി വൈലപ്പിള്ളിക്കാവിൽനിന്ന് ഭഗവതിയെ താലത്തോടെ എഴുന്നള്ളിച്ച് മേൽശാന്തിമഠത്തിൽ സ്വീകരണവും പറയെടുപ്പും കഴിഞ്ഞ് ക്ഷേത്രത്തിൽ ആനയിച്ചു പഞ്ചാരിമേളത്തോടെ ഉത്രം വിളക്ക് ആഘോഷിക്കുന്നു.

ഇവ കൂടാതെ.    കർക്കിടകത്തിൽ 30 ദിവസവും ക്ഷേത്രത്തിൽ അഷ്ടദ്രവ്യഗണപതിഹോമം, രാമായണപാരായണം, പ്രഭാഷണങ്ങൾ, അവസാനദിവസം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം, അന്നദാനം എന്നിവയും, കന്നിമാസത്തിൽ നവരാത്രി ആചരണത്തിന്റെ ഭാഗമായി തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിക്ക് കളഭാഭിഷേകത്തോടുകൂടി തുടങ്ങി 9 ദിവസവും നിറമാല, ചുറ്റുവിളക്ക്, സംഗീതാർച്ചന, നൃത്താർച്ചന, സരസ്വതിപൂജ, വിജയദശമി ദിവസം വിദ്യാരംഭത്തോടെ 10 ദിവസത്തെ ആഘോഷങ്ങൾ സമാപിക്കുന്നു.

p